വാഷിംഗ്ടൺ : ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നരേന്ദ്രമോദിയെ ജോ ബൈഡൻ അഭിനന്ദിച്ചുവെന്നും, ഫോണിൽ ഇരു നേതാക്കളും സംസാരിച്ചതായും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വ്യക്തമാക്കി.
” ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും തമ്മിൽ കണ്ടുമുട്ടാൻ സാഹചര്യങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും” ജേക്ക് സള്ളിവൻ പറയുന്നു. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ വധശ്രമ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിന്മേൽ ചർച്ച നടക്കുമോ എന്ന ചോദ്യത്തിന്, തുടർചർച്ചകളിൽ ഈ വിഷയവും ഉൾപ്പെട്ടേക്കാമെന്നായിരുന്നു ജേക്ക് സള്ളിവന്റെ മറുപടി.
മൂന്നാം വട്ടം അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ അന്താരാഷ്‌ട്ര പര്യടനമാണിത്. ജി 7 അഡ്വാൻസ്ഡ് എക്കണോമി വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തുന്നത്. ഇന്ന് മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിൽ എഗ്‌സാനിയയിലാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണേഷ്യയ്‌ക്ക് പ്രാധാന്യമുള്ള വിഷയങ്ങളിൽ മറ്റ് ലോകനേതാക്കളുമായി സംവദിക്കാൻ ഈ വേദിയിലൂടെ പ്രധാനമന്ത്രിക്ക് സാഹചര്യം ലഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു. ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായും അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.