ന്യൂഡൽഹി : ജമ്മു കശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്താനും നടത്തിയ സംയുക്ത പ്രസ്താവ അനുചിതമാണെന്ന് വ്യക്തമാക്കി ഇന്ത്യ. ലഡാക്ക് അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ മേഖലകളാണെന്നും ആർക്കും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്തതാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരപ്രദേശമായ പാക് അധീന കശ്മീരിലൂടെ (PoK) കടന്നുപോകുന്ന വിധത്തിൽ സാമ്പത്തിക ഇടനാഴി (CPEC) തയ്യാറാക്കുന്ന പദ്ധതിയെക്കുറിച്ച് ചൈനയും പാകിസ്താനും ചർച്ചകൾ നടത്തിയിരുന്നു. ജൂൺ 4നും എട്ടിനും ഇടയ്‌ക്ക് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് CPEC ചർച്ചാവിഷയമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിനെക്കുറിച്ച് അനാവശ്യമായ പരാമർശങ്ങൾ ജൂൺ ഏഴിന് ചൈനയും പാകിസ്താനും സംയുക്തമായി നടത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടതായും അത്തരം പരാമർശങ്ങൾ ശക്തമായി നിരസിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. PoKയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് സ്ഥിരതയുള്ളതാണെന്നും ഇരുകക്ഷികൾക്കും അത് ബോധ്യമുള്ള കാര്യമാണെന്നും രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ജമ്മുകശ്മീരും ലഡാക്കും അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങൾ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റാരാലും അന്യാധീനപ്പെടുത്താൻ കഴിയാത്തതാണെന്നും ഓർമിപ്പിക്കുന്നു. മറ്റൊരു രാജ്യത്തിനും അതിനെക്കുറിച്ച് അഭിപ്രായം പറയാനോ നടപടിയെടുക്കാനോ സാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.