എല്ലുകൾക്കുള്ളിലെ മജ്ജയിൽ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അർബുദമാണ് രക്താർബുദം. ലുക്കിമീയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തിൽ രക്താർബുദം ഉണ്ടാകാം. ക്താർബുദം അണുബാധകളെ ചെറുക്കാനും രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
പലപ്പോഴും നേരത്തെ രോഗ നിർണയം നടത്താൻ സാധിക്കാത്തതാണ് രക്താർബുദത്തെ മാരകമാക്കുന്നത്. ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളെ പോലും അവഗണിക്കാതിരുന്നാൽ രക്താർബുദത്തെ തിരിച്ചറിയാൻ സാധിക്കും. അവയിൽ ചില ലക്ഷണങ്ങൾ ഇതാ..
അമിത ക്ഷീണമാണ് ഇതിൽ ആദ്യത്തെ ലക്ഷണം. ആരോഗ്യകരമായ രക്തകോശങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നതുകൊണ്ടാണ് ക്ഷീൻവും ബലഹീനതയുമൊക്കെ അവനുഭവപ്പെടുന്നത്. പ്രതിരോധശേഷിയെ തകർക്കുകയാണ് രക്താർബുദം ചെയ്യുന്നത്. ഇത് ശരീരത്തിൽ അണുബാധയുണ്ടാകാൻ കാരണമാകുന്നു. അണുബാധകളിൽ നിന്ന് മുക്തി നേടാൻ സമയമെടുക്കുന്നതും രോഗങ്ങൾ ഒന്നിന് പുറകെ ഒന്നായി അലട്ടുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.
വ്യക്തമായ കാരണങ്ങളില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ലക്ഷണമാണ്. അർബുദ കോശങ്ങൾ ശരീരത്തിന്റെ ചയാപചയത്തെ ബാധിക്കുന്നതാണ് കാരണം. എല്ലുകളിൽ വേദനയിം അസ്വസ്ഥതയും ഇതിന്റെ പ്രധാന ലക്ഷണമാണ്. പുറത്തും വാരിയെല്ലുകളിലുമൊക്കെ തുടർച്ചയായി വരുന്ന വേദനയെ അവഗണിക്കരുത്.
രാത്രിയിലേറെ വിയർക്കുന്നതും രക്താർബുദത്തിന്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക. രക്തപരിശോധനകൾ, ബയോപ്‌സി, സ്‌കാനുകൾ, ഫ്‌ളോ സൈറ്റോമെട്രി, ജനിതക പരിശോധന എന്നിങ്ങനെ രക്താർബുദം കണ്ടെത്തുന്നതിന് പല പരിശോധനകളും നിർദ്ദേശിക്കാറുണ്ട്.