ന്യൂഡൽഹി: 24 മലയാളികൾ ഉൾപ്പെടെ 49 ൽ അധികം ഇന്ത്യക്കാർ മരിക്കാനിടയായ കുവൈത്തിലെ ലേബർ ക്യാമ്പിലെ തീപിടിത്തത്തിൽ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. നേരത്തെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുവൈത്ത് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
അഹമ്മദി,മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കും. സംഭവ സ്ഥലത്ത് എത്തിയ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുവാൻ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു