തിരുവനന്തപുരം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് കേരളത്തിലെത്തിക്കുമെന്ന് നോർക്ക സെക്രട്ടറി കെ വാസുകി ഐഎഎസ്. ഖത്തറിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. കേന്ദ്രസർക്കാർ ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. പരിക്കേറ്റ ആറ് മലയാളികളുടെ നില അതീവഗുരുതരമാണെന്നും ഇവരുടെ ചികിത്സ അവിടെ തന്നെ തുടരുമെന്നും നോർക്ക സെക്രട്ടറി അറിയിച്ചു.
തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. പരിശോധന ഫലം ലഭിക്കുന്നതിന് രണ്ടാഴ്ചയോളം സമയം എടുക്കും. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഡോ കെ വാസുകി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24- ആയെന്നും ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും നോർക്ക സിഇഒ അജിത് കോളാശേരി അറിയിച്ചു. 18 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ചേർന്ന് മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.