തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24- ആയി. 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് നോർക്ക സിഇഒ അജിത് കോളാശേരി അറിയിച്ചു.
കുവൈത്തിലെ നോർക്ക ഹെൽപ് ഡെസ്കാണ് 24 മലയാളികൾ മരിച്ചെന്നും ഏഴുപേർ ഗുരുതരാവസ്ഥയിലാണെന്നുമുള്ള കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ചേർന്ന് മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കാലതാമസം കൂടാതെ മൃതദേഹം തിരിച്ചറിഞ്ഞ് മരിച്ചവരുടെ സ്വദേശങ്ങളിലേക്ക് അയക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചുവെന്നും നോർക്ക സിഇഒ കൂട്ടിച്ചേർത്തു.
197 പേരാണ് ആറു നിലയുള്ള കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇന്നലെ ദുരന്ത സ്ഥലത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.