തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരാൻ തീരുമാനം. രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് എന്തൊക്കെ നടപടികൾ സ്വീകരിക്കാനാകും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ, നോർക്ക, വിദേശകാര്യ മന്ത്രാലയം, മലയാളി കമ്പനികളുടെ പ്രതിനിധികൾ, ലോക കേരളസഭാ പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തിക്കൊണ്ട് സർക്കാരിന് എന്തൊക്കെ രീതിയിലുള്ള ഇടപെടലുകൾ നടത്താൻ സാധിക്കുമെന്ന് ചർച്ച ചെയ്യും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അതിവേഗത്തിലുള്ള നടപടികൾ ഉണ്ടാകും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കേരളത്തിന്റെ പ്രതിനിധിയായി ഏതെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ മന്ത്രിയെയോ കുവൈത്തിലേക്ക് അയക്കുന്നതിനുള്ള സാധ്യതകളും മന്ത്രിസഭാ യോഗം ചർച്ച ചയ്യും. നോർക്കയുടെ ഹെല്പ് ഡെസ്ക് ഇന്നലെ രാത്രി മുതൽ പ്രവർത്തനം തുടങ്ങിയിരുന്നു.