ന്യൂഡൽഹി : കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഈ തുക അനുവദിക്കുക.
സ്ഥിതി അവലോകനം ചെയ്യാനായി പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് അവലോകന യോഗം ചേർന്നിരുന്നു.
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 49 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണെന്നും 11 പേർ മലയാളികളാണെന്നുമാണ് വിവരം.
മരിച്ച മലയാളികളിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പന്തളം സ്വദേശി ആകാശ് എസ് നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ധീൻ ഷമീർ (33), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കാസർകോട് സ്വദേശി രഞ്ജിത് കെ ആർ (33), കാസർകോട് സ്വദേശി കേളു പൊൻമലേരി (55), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നേരത്തെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുവരുത്തിയിരുന്നു