തിരുവനന്തപുരം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ലീല ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ. യൂസഫലി 5 ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും ആശ്വാസ ധനം നൽകും. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഇരുവരും അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.
സംസ്ഥാന സർക്കാരും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരും രണ്ട് ലക്ഷം രൂപ സഹായ ധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത് തീപിടത്തത്തിൽ 24 മലയാളികൾ മരിച്ചെന്ന് നോർക്ക സിഇഒ അറിയിച്ചു. മരിച്ചവരിൽ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 197 പേരാണ് ആറു നിലയുള്ള കെട്ടിടത്തിൽ താമസിച്ചിരുന്നത്. ദുരന്ത സ്ഥലത്ത് നിന്ന് 45 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 4 പേർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.