ചെന്നൈ : കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 5 പേർ തമിഴ്നാട് സ്വദേശികൾ. തമിഴ്നാട് ന്യൂനപക്ഷ – പ്രവാസി ക്ഷേമവകുപ്പ് മന്ത്രി ജിംഗി കെ.എസ് മസ്താനാണ് ഇക്കാര്യം അറിയിച്ചത്.
തഞ്ചാവൂർ, രാമനാഥപുരം, പേരാവൂരണി സ്വദേശികളായ രാമ കറുപ്പൻ, വീരസാമി മാരിയപ്പൻ, ചിന്നദുരൈ കൃഷ്ണമൂർത്തി, മുഹമ്മദ് ഷെരീഫ്, റിച്ചാർഡ് എന്നിവരാണ് മരിച്ചതെന്നും മസ്താൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് ചികിത്സാസഹായം ലഭ്യമാക്കാനുമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 19 മലയാളികളുൾപ്പെടെ 49 പേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. 50 ഓളം പേര് ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 9 പേരുടെ നില ഗുരുതമാണ്.
കമ്പനി ഉടമ, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കുവൈത്ത് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.