കുവൈത്ത് സിറ്റി : കുവൈത്തിൽ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്. അഗ്നിശമന സേനയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മരിച്ചവരിൽ 23 മലയാളികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. ഇതിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യയിൽ നിന്ന് പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടിരുന്നു.
തീപിടിത്തത്തിൽ അനവധി മലയാളികൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര റദ്ദായി. കേന്ദ്രസർക്കാരിൽ നിന്നും പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തിരുന്നതിനെ തുടർന്നാണ് യാത്ര റദ്ദായതെന്നാണ് വിവരം.
കുവൈത്തിലെ മാൻഗാഫിലുള്ള തൊഴിലാളി കാമ്പിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 45 ഇന്ത്യക്കാർ കൂടാതെ മൂന്ന് ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്. കെട്ടിടത്തിൽ 196 കുടിയേറ്റ തൊഴിലാളികൾ അപകട സമയത്തുണ്ടായിരുന്നു. 50ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്.