ന്യൂഡൽഹി: കശ്മീരിൽ തുടർച്ചായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ജി7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നത്.
സുരക്ഷാ സ്ഥിതിഗതികളെ കുറിച്ചും ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കുന്നതിനെ കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേർന്നത്.
കശ്മീർ താഴ്‌വരയിൽ ഭീകരവാദ പ്രവർത്തനങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും അതിനായുള്ള സൈനിക നടപടികൾ ശക്തമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.