ഇസ്ലാമാബാദ് : തെരഞ്ഞെടുപ്പ് പ്രക്രിയ ഫലപ്രദമായി കൈകാര്യം ചെയ്ത ഇന്ത്യയെ പ്രശംസിച്ച് പാകിസ്താൻ സെനറ്റ് അംഗവും സെനറ്റിലെ പ്രതിപക്ഷ നേതാവുമായ ഷിബിലി ഫറാസ്. തെരഞ്ഞെടുപ്പ് പ്രക്രിയകൾ സുതാര്യമായി നടപ്പിലാക്കാത്തതിൽ പാകിസ്താനെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയെ പുകഴ്‌ത്തിയത്.
“ഇന്ത്യയിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈയിടെയാണ് അവിടെ തെരഞ്ഞെടുപ്പ് പൂർത്തിയായത്. 800 ദശലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ആയിരക്കണക്കിന് പോളിംഗ് സ്റ്റേഷനുകളാണ് ഇതിനായി ഒരുക്കിയത്. കുഗ്രാമത്തിലുള്ളവർക്ക് പോയി വോട്ട് ചെയ്യാനുള്ള സൗകര്യം പോലും അവർ ഒരുക്കി. ഇവിഎം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ ഏകദേശം ഒരു മാസത്തിലധികം സമയമെടുത്താണ് പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന തരത്തിൽ ഒരൊറ്റയാൾ പോലും ശബ്ദം ഉയർത്തിയില്ല. അതേരീതിയിൽ പാകിസ്താനും മുന്നേറണം.” ഷിബിലി ഫറാസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ ഇവിടെ പാർട്ടികൾ താത്പര്യം പ്കടിപ്പിക്കുന്നില്ല. മുസ്ലീം ലീഗീനും MQMനുമടക്കം അതിൽ പങ്കുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ ജനവിധി അംഗീകരിക്കാൻ പല സ്ഥാനാർത്ഥികളും തയ്യാറാകുന്നില്ലെന്നും ഷിബിലി ഫറാസ് ചൂണ്ടിക്കാട്ടി. പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി നേതാവാണ് ഷിബിലി ഫറാസ്. ഇമ്രാൻ സർക്കാരിൽ വിവിധ വകുപ്പുകളുടെ ചുമതല നിർവഹിച്ചിരുന്നു.