കോഴിക്കോട് : കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയമാണെന്നും അതിന് കാരണം പിന്നാക്ക- ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും ബിജെപിക്ക് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലും മാറ്റം വ്യക്തമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ്, ബിജെപി ജയിക്കുക പോയിട്ട് ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ ഒരു സീറ്റ് ജയിക്കുകയും രണ്ടിടത്ത് ഒന്നര ശതമാനം വോട്ടിന് മാത്രം പിറകിലാവുകയും നാല് മണ്ഡലങ്ങളിൽ വൻമത്സരം നടത്തുകയും ചെയ്യാൻ ബിജെപിക്ക് സാധിച്ചു.
എൻഡിഎയുടെ വോട്ട് 20 ശതമാനത്തിലെത്തിയത് കേരള രാഷ്‌ട്രീയത്തിന്റെ മാറ്റം പ്രകടമാക്കുന്നതാണ്. 20 ശതമാനം വോട്ട് വിഹിതം നേടിയ സംസ്ഥാനങ്ങളിലെല്ലാം വലിയ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്ക് പഴയത് പോലെ ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് വ്യക്തമായിരിക്കുന്നു.
ഓർത്തഡോക്സ്- യാക്കോബായ സഭകൾ മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യം തുറന്നുപറഞ്ഞത് സ്വാഗതാർഹമാണ്. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നെങ്കിൽ കേരളത്തിന്റെ വികസനത്തിന് അത് ഏറെ ഗുണകരമായേനെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞു. 14 ലക്ഷം വോട്ടിന്‍റെ വർധനവ് ഇത്തവണ ബിജെപിക്ക് ഉണ്ടായി. 35 ശതമാനത്തിലേക്ക് വോട്ട് വർധിപ്പിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.