മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും വിരലിന്റെ കഷ്ണം ലഭിച്ചെന്ന പരാതിയുമായി മുംബൈ സ്വദേശിയായ ഡോക്ടർ. സൊമാറ്റോയിൽ ഓർഡർ ചെയ്ത കോൺ ഐസ്ക്രീം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ഡോ. ഒർലേം ബ്രെൻഡൻ സെറാവോ നൽകിയ പരാതിയെ തുടർന്ന് ഐസ്ക്രീം കമ്പനിയായ യുമ്മോക്കെതിരെ (YUMMO) പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബട്ടർസ്കോച്ച് ഫ്ളേവറിലുള്ള മൂന്ന് ഐസ്ക്രീമുകളാണ് പരാതിക്കാരന്റെ സഹോദരി ഓർഡർ ചെയ്തത്. പകുതിയോളം കഴിച്ചതിന് ശേഷം ഐസ്ക്രീമിൽ നിന്നും കട്ടിയുള്ള ഒരു വസ്തു നാവിൽ തട്ടുകയായിരുന്നു. തുടർന്ന് കയ്യിലെടുത്ത് പരിശോധിച്ചപ്പോഴാണ് മാംസമാണെന്ന് മനസിലായതെന്നും ഡോക്ടർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ യുമ്മോ കമ്പനിയെ ഇക്കാര്യം അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഐസ്ക്രീമിൽ നിന്നും ലഭിച്ച മാംസകഷ്ണം സഹിതം മലാഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇത് മനുഷ്യമാംസമാണെന്നാണ് കരുതപ്പെടുന്നത്.
സംഭവത്തിൽ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ലഭിച്ച മാംസകഷ്ണം മനുഷ്യന്റേതാണോയെന്ന് തിരിച്ചറിയാനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും മലാഡ് പൊലീസ് അറിയിച്ചു.