കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പുതിയൊരു മുഖം നൽകിയത് കെ.മധു-എസ്.എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടാണ്. സാധാരണ കുറ്റാന്വേഷണ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോലീസ് കഥാപാത്രത്തിന് പകരം സിബിഐ ഉദ്യോഗസ്ഥനെ മലയാളി പ്രേക്ഷകർക്ക് ഇവർ പരിചയപ്പെടുത്തി. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ പരമ്പരയ്‌ക്ക് തുടക്കം കുറിക്കുന്നത്. സേതുരാമ അയ്യറായി മമ്മൂട്ടി എത്തിയത് 5 സിനിമകളിലാണ്. ഇതിൽ നാലെണ്ണം വിജയമായിരുന്നു. എന്നാൽ വലിയ പ്രതീക്ഷയോടെ 2022 പുറത്തിറങ്ങിയ “സിബിഐ 5; ദി ബ്രെയിൻ” എന്ന ചിത്രം വൻ പരാജയമായിരുന്നു. തുടരെ വിജയിച്ചു വന്നിരുന്ന പരമ്പരയുടെ അഞ്ചാം ഭാഗം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എസ്.എൻ സ്വാമിയുടെ പ്രതികരണം.
“സിബിഐ പരമ്പര ഇനി ഉണ്ടാവുമോ എന്ന് പറയാൻ സാധിക്കില്ല. പെട്ടെന്ന് തുടങ്ങാൻ പറ്റുന്നതല്ല സിബിഐ. എന്റെ കയ്യിൽ ഒരു കഥ വന്ന്, അത് പൂർണ്ണമായി മനസ്സിൽ ഓടിച്ചു കണ്ട്, ഒരു അവസാനം കണ്ടെത്തിയാൽ മാത്രമേ സിബിഐ സാധ്യതമാകൂ. സിബിഐ 5-നെ പറ്റിയുള്ള ഓവർ കോൺഫിഡൻസാണ് നമുക്ക് പണി തന്നത്”.
“സിബിഐ 5-ൽ മരണങ്ങളുടെ എണ്ണം കൂടി. പിന്നെ, ആദ്യമേ ആവശ്യമില്ലാത്ത ചില പ്രചരണങ്ങൾ നടത്തി. കൂടത്തായി പോലെയുള്ള കൊലപാതകം, ബാസ്ക്കറ്റ് കില്ലിംഗ് എന്നൊക്കെ പ്രചരിപ്പിച്ചു. അതൊക്കെ ആളുകൾക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടാക്കി. എന്നാൽ ആ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് സിനിമ ഉണ്ടായില്ല. മനുഷ്യനല്ലേ, എല്ലാ കാലത്തും എല്ലാ കാര്യവും പെർഫെക്റ്റായി ചെയ്യാൻ കഴിയില്ലല്ലോ”- എസ് എൻ സ്വാമി പറഞ്ഞു.