ഭുവനേശ്വർ : നവീൻ സർക്കാർ പൂട്ടിയത് ഇന്നലെ മോഹൻ സർക്കാർ തുറന്നു. സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനമായ ‘ലോക്സേവാ ഭവൻ’ നീണ്ട 4 വർഷങ്ങൾക്ക് ശേഷം മാദ്ധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്തു. മോഹൻ ചരൺ മാജി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തോടനുബന്ധിച്ചാണ് മാദ്ധ്യമങ്ങൾക്ക് നേരത്തെ ബി ജെ ഡി സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയത്. നാലുവര്ഷങ്ങള്ക്ക് മുൻപത്തെ പതിവുപോലെ ഇന്നലെ (ബുധൻ) വൈകിട്ട് സംസ്ഥാനത്തെ വിവിധ മാദ്ധ്യമ പ്രതിനിധികൾ ലോക് സേവാഭവനിൽ കയറി റിപ്പോർട്ട് ചെയ്തു.
2020 മാർച്ച് മുതൽ ലോക് സേവാഭവനിലേക്കുള്ള പ്രവേശനം സർക്കാർ നിയന്ത്രിക്കുകയായിരുന്നു. കൊറോണ പകർച്ചവ്യാധിയുടെ കാലത്തതാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും നവീൻ സർക്കാർ പിന്നീട് അവ പിൻവലിച്ചില്ല. രണ്ട് വർഷത്തിന് ശേഷം, അംഗീകൃത പത്രപ്രവർത്തകർക്ക് നിരോധനം ഭാഗികമായി നീക്കി. പ്രതിപക്ഷ നേതാക്കളും പത്രപ്രവർത്തക സംഘടനകളും പലതവണ ആവശ്യപ്പെട്ടിട്ടും ബിജു പട്‌നായിക് സർക്കാർ മാദ്ധ്യമങ്ങളുടെ പ്രവേശന വിലക്ക് പൂർണ്ണമായി നീക്കാൻ വിസമ്മതിച്ചതിനാൽ അക്രഡിറ്റേഷൻ ഇല്ലാത്ത ടിവി ന്യൂസ് ചാനലുകളിലെയും പത്രങ്ങളിലെയും മിക്ക മാദ്ധ്യമപ്രവർത്തകർക്കും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.
മോഹൻ ചരൺ മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകർക്ക് ലോക് സേവാഭവനിൽ പ്രവേശനാനുമതി ലഭിച്ചത്.
തിരഞ്ഞെടുപ്പ് സമയത്തും അതിനുമുമ്പും മാദ്ധ്യമപ്രവർത്തകർക്ക് ലോക്‌സേവാഭവനിൽ പ്രവേശനം അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സർക്കാർ വരുമ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് ലോക്‌സേവാഭവനിൽ പോയി വാർത്ത ശേഖരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രി സഭയും സത്യപ്രതിജ്ഞ ചെയ്‌ത ശേഷം മാദ്ധ്യമപ്രവർത്തകർ ലോക്‌സേവാഭവനിലെത്തി. മന്ത്രിസഭാ യോഗങ്ങൾ ലോക് സേവാഭവനിൽ നടക്കുമെന്നും മാദ്ധ്യമങ്ങൾക്ക് ലോക് സേവാഭവനിൽ പോയി വാർത്ത ശേഖരിക്കാൻ അനുമതിയുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. 4 വർഷത്തിന് ശേഷം ലോകസേവാഭവൻ വാർത്താ ശേഖരണത്തിനായി തുറന്നുകൊടുത്തതിൽ എല്ലാ മാദ്ധ്യമപ്രവർത്തകരും സന്തോഷം പ്രകടിപ്പിക്കുകയും പുതിയ നീക്കത്തിന് പുതിയ സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.
ലോക് സേവാഭവനിലേക്ക് മാത്രമല്ല, നിയമസഭയുടെ പ്രസ് ഗാലറിയിലും മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ലോക് സേവാഭവനിലേക്ക് മാദ്ധ്യമപ്രവർത്തകരുടെ പ്രവേശനം നിർത്തലാക്കിയതിന് പുറമെ, 2022 ജൂലൈയിൽ നവീൻ പട്നായിക് സർക്കാർ ചില പ്രദേശങ്ങളിലെ സ്കൂളുകളിലും മാദ്ധ്യമപ്രവർത്തകരുടെ പ്രവേശനം നിരോധിച്ചിരുന്നു.