തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത് മുതൽ കെ. സുരേന്ദ്രനെതിരെ സംഘടിത സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ചില ഓൺലൈൻ ചാനലുകളാണ് ഇതിനു തുടക്കം കുറിച്ചത്. പിന്നാലെ, മുൻനിര മാധ്യമങ്ങളും ബിജെപിയെയും കെ സുരേന്ദ്രനെയും ലക്ഷ്യമിട്ട് വ്യാജവാർത്തകൾ സൃഷ്ടിച്ചു. ബിജെപി പ്രവർത്തകരെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ശ്രീജിത്ത് പണിക്കരെ പോലുള്ള ചില നിരീക്ഷകർ നടത്തിയ പ്രസ്താവനകളും പ്രവർത്തകർക്ക് ഞെട്ടലുണ്ടാക്കി. ഈ സംഭവത്തിൽ വളരെ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് കെ. സുരേന്ദ്രൻ.
“ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരുപാട് ആരോപണങ്ങളും ആക്രമണങ്ങളും ഉണ്ടായി. പ്രത്യേകിച്ച് വിജയസാധ്യതകളുള്ള മണ്ഡലങ്ങളിൽ. സുരേഷ് ഗോപിക്കെതിരെ ഒരുകൊല്ലം മുൻപ് മുതൽ അത്തരം ആരോപണങ്ങൾ വന്നു. അദ്ദേഹത്തെ കൊൽക്കത്തയിലേക്ക് സുരേന്ദ്രൻ തട്ടുന്നു, ഇവിടെ സീറ്റ് കൊടുക്കില്ല. ഇങ്ങനെയൊക്കെ വാർത്തകൾ പ്രചരിപ്പിച്ചു. സ്ത്രീകളെ കടന്നാക്രമിച്ചു എന്നുള്ള ആരോപണങ്ങൾ വന്നു. സുരേഷ് ഗോപിക്കെതിരെ മാത്രമല്ല, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി എന്നിവർക്കെതിരെയും ആരോപണങ്ങൾ വന്നിരുന്നു. ഞങ്ങളെ തോൽപ്പിക്കാൻ നിരന്തരം അവർ ശ്രമിച്ചു”.
“നേരിട്ടു വന്ന ആരോപണങ്ങളെല്ലാം പാർട്ടി പ്രവർത്തകർ അവരുടെ സർവ്വശക്തിയും എടുത്ത് പരാജയപ്പെടുത്തി. പക്ഷേ, ഏറെ വേദനാജനകം എന്തെന്നാൽ സ്വന്തക്കാരാണെന്ന് നടിക്കുന്ന ചിലർ നടത്തിയ നീചമായ പ്രചരണങ്ങളായിരുന്നു. അതിൽ പ്രധാന ആരോപണം രാജീവ് ചന്ദ്രശേഖറിനെയും സുരേഷ് ഗോപിയെയും പരാജയപ്പെടുത്താൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നു എന്നതായിരുന്നു. യുദ്ധമുഖത്ത് എതിരാളികളുടെ ഏത് ആക്രമണങ്ങളെയും നേരിടാൻ സജ്ജരായി നിൽക്കുന്ന പടയാളികൾക്ക് സ്നേഹം നടിച്ചു വരുന്ന ഇത്തരം ആൾക്കാർ നടത്തുന്ന പ്രചാരണങ്ങൾ മനസ്സിലാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നുവെന്ന് പറയുന്നത് പ്രോത്സാഹിപ്പിച്ചാൽ ഇനി വരുന്ന അധ്യക്ഷന്മാർക്കും അത് നേരിടേണ്ടി വരും” – കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.