ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേമ ഖണ്ഡു എത്തുന്നത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇറ്റാനഗറിലെ ഡികെ സ്റ്റേറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജെ പി നദ്ദ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.
അരുണാചലിൽ വീണ്ടും ബിജെപി സർക്കാർ രൂപീകരിക്കുന്നതിൽ ജനങ്ങൾ വലിയ ആവേശത്തിലാണുള്ളതെന്ന് അസം മന്ത്രി അശോക് സിംഗാൾ പറഞ്ഞു. ” ജനങ്ങൾ വളരെ ആവേശത്തിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും ആഘോഷമാണ്. പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരികയാണ്. അസം, ത്രിപുര, സിക്കിം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇവിടെ എത്തിയിട്ടുണ്ട്. ജനങ്ങൾ വിശ്വാസമർപ്പിക്കുന്നു എന്നതിലൂടെ ഇപ്പോൾ സർക്കാരിന്റെ ഉത്തരവാദിത്വം വർദ്ധിച്ചിരിക്കുകയാണെന്നും” സിംഗാൾ പറയുന്നു.
44കാരനായ പേമ ഖണ്ഡു 2016ലാണ് പേമ ഖണ്ഡു ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 60 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2019ൽ 41 സീറ്റുകളായിരുന്നു ബിജെപി നേടിയത്. ഇന്നലെ ചേർന്ന ബിജെപി നേതൃയോഗത്തിലാണ് പേമ ഖണ്ഡുവിനെ വീണ്ടും മുഖ്യമന്ത്രിയായി തീരുമാനിക്കുന്നത്. പിന്നാലെ അരുണാചൽ പ്രദേശ് ഗവർണർ ലെഫ്റ്റനന്റ് ജനറൽ(റിട്ട) കെ.ടി.പർനായിക് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു.