മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് മരുമകൾ. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാരറിന്റെ (82) മരണമാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് തെളിഞ്ഞത്. പുരുഷോത്തമിന്റെ മകനായ, ഡോ. മനീഷിന്റെ ഭാര്യ അർച്ചനയെ(53) പൊലീസ് അറസ്റ്റ് ചെയ്തത്. ടൗൺ പ്ലാനിങ് വകുപ്പിലെ അസി. ഡയറക്ടറാണ് പ്രതി.
നാഗ്പുരിലെ ബാലാജി നഗറിൽവെച്ച് മേയ് 22-നാണ് ബിസിനസുകാരനായ പുരുഷോത്തം പുട്ടേവാർ കാറിടിച്ച് മരിച്ചത്. മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. വഴിയരികിലൂടെ നടക്കുകയായിരുന്ന ഇദ്ദേഹത്തെ അതിവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാധാരണ അപകടമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു. എന്നാൽ, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന് ചില സംശയങ്ങൾ തോന്നി. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്..
പുരുഷോത്തമിന്റെ പേരിലുള്ള സ്വത്ത് സംബന്ധിച്ച് കുടുംബത്തിൽ തർക്കം നിലനിന്നിരുന്നു. സ്വത്ത് കൈക്കലാക്കാൻ ഭർത്താവിന്റെ ഡ്രൈവറുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുകോടി രൂപയാണ് അർച്ചന ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനംചെയ്തിരുന്നത്. മുൻകൂറായി മൂന്ന് ലക്ഷം രൂപ നൽകുകയും ചെയ്തു.