ന്യൂഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24-ന് ആരംഭിക്കും. ജുലൈ മൂന്നിനായിരിക്കും സമാപിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയുടെ 264-ാമത് സമ്മേളനം ഈ മാസം തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 27-മുതൽ ജൂലൈ മൂന്ന് വരെയാണ് രാജ്യസഭാ സമ്മേളനം നടക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തെരഞ്ഞെടുപ്പ്, രാഷ്ട്രപതിയുടെ പ്രസംഗം, മറ്റ് ചർച്ചകൾ എന്നിവ സമ്മേളനത്തിൽ നടക്കും.
ഈ മാസം 27-ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യും. ഈ വർഷം ജനുവരി 31നും ഫെബ്രുവരി 10നും ഇടയിലാണ് 17ാം ലോക്സഭയുടെ അവസാന സമ്മേളനം നടന്നത്. 7ാം ലോക്സഭയുടെ സമയത്ത് ലോക്സഭയിൽ 222 ബില്ലുകളും രാജ്യസഭയിൽ 220 ബില്ലുകളുമാണ് പാസാക്കിയത്. അതിൽ സുപ്രധാനമായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയത്.