ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സേനകളിൽ ഒന്നായ ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ മാസം 30ന് ചുമതലയേക്കും . ഫെബ്രുവരിയിലാണ് കരസേന ഉപമേധാവിയായി അദ്ദേഹത്തെ നിയമിച്ചത്. നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെക്കുറിച്ച് അറിയേണ്ടതെല്ലാം ….
1964 ജൂലൈ 1 നാണ് ജനിച്ച ലഫ്. ജനറൽ ദ്വിവേദി ജനിച്ചത്. റേവ സൈനിക് സ്കൂൾ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നീ സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഡിഫൻസ് ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ എം ഫിലും സ്‌ട്രാറ്റജിക് സ്റ്റഡീസിലും മിലിറ്ററി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
1984 ഡിസംബർ 15-നാണ് കരസേനയുടെ ഭാഗമായത്. ജമ്മു & കശ്മീർ റൈഫിൾസിലായിരുന്നു ആദ്യ നിയമനം. പാകിസ്താൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
40 വർഷത്തെ സേവനത്തിനിടെ വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ( കമാൻഡ് ഓഫ് റജിമെന്റ്) 18 ജമ്മു-കശ്മീർ റൈഫിൾസ്, 26 സെക്ടർ അസം റൈഫിൾസ്( ബ്രിഗേഡ്), അസം റൈഫിൾസ് ഈസ്റ്റ് ( ഇൻസ്പക്ടർ ജനറൽ), 9 കോർപ്‌സ് എന്നിവയുടെ തലവനായിരുന്നു
ഈ വർഷം ഫെബ്രുവരിയിലാണ് കരസേന ഉപമേധാവിയായി അദ്ദേഹം നിയമിതനായത്. അതിന് മുമ്പ് ലഫ്. ജനറൽ റാങ്കിലിരിക്കെ 2022-2024 കാലഘട്ടത്തിൽ ഡയറക്ടർ ജനറൽ ഇൻഫെൻട്രി, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് (ഹെഡ്‌ക്വാർട്ടർ നോർത്തേൺ കമാൻഡ്) എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ തുടങ്ങി നിരവധി സൈനിക ബഹുമതികൾ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.
യുഎസ് ആർമി വാർ കോളേജിൽ നിന്നും ‘Distinguished Fellow” എന്ന ബഹുമതിയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.