തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടിയില്ല. ആർജെഡി ഇടതുമുന്നണിയിലേക്ക് വലിഞ്ഞുകയറി വന്നവരല്ലെന്നും അർഹമായ പരിഗണന കിട്ടണമെന്നും ആർജെഡി അദ്ധ്യക്ഷൻ പറഞ്ഞു. രാജ്യസഭാ സീറ്റ് കാര്യത്തിൽ മുന്നണി ചർച്ച പോലുമുണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു.
2018 ലാണ് എൽഡിഎഫിൽ എത്തിയത്. ക്ഷണിച്ചിട്ടാണ് പോയത് . ആരുടേയും വാതിലിൽ മുട്ടി നിന്നിട്ടില്ല. പല ഘട്ടങ്ങളിലായി പാർട്ടി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മുന്നണിയെ നയിക്കുന്ന സിപിഎമ്മിന് കത്ത് നൽകിയിരുന്നു. എന്നാൽ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ആർജെഡിയുടെ സീറ്റാണ് 2021ൽ സിപിഐ എടുത്തത്. അതിനാൽ 2024 ൽ ആ സീറ്റ് തിരികെ ആർജെഡിക്ക് തരേണ്ട മാന്യത എൽഡിഎഫ് കാണിക്കണമായിരുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
ചില പാർട്ടികൾക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി ആർജെഡിയുടെ പാർട്ടി പ്രവർത്തകർ എല്ലായിടങ്ങളിലും ശക്തമായ പ്രചാരണം നടത്തി. എന്നാൽ ഉഭയകക്ഷി ചർച്ച പോലുമില്ലാതെയാണ് സീറ്റ് വിഭജനം നടത്തിയത്. പാർട്ടിക്ക് നിരാശയാണ് പ്രതിഫലമായി ലഭിച്ചതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.