ന്യൂഡൽഹി : സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. പുലർച്ചെ 3.30നാണ് വിമാനം ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം മുടങ്ങിയതോടെ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ വിമാനത്താവള അധികൃതർ ഒരുക്കി കൊടുത്തു.
പുലർച്ചെ രണ്ടരയ്‌ക്ക് പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് 3.30-ന് യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക് ഓഫിന് തയ്യാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പുണ്ടായത്. ഇതോടെ മുഴുവൻ യാത്രക്കാരെയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി.
യാത്രക്കാർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം റാസ് അൽ ഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരും ഇതിലുണ്ടായിരുന്നു.