കൊല്ലം : ശ്രീ നാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റിയിൽ യു.ജി., പി.ജി.കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 16 യു.ജി. പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ആറ് യു.ജി. പ്രോഗ്രാമുകൾ ഈ വർഷംമുതൽ നാലുവർഷ ഓണേഴ്‌സ് ഘടനയിലേക്ക് മാറിയിട്ടുണ്ട്.
ബി.ബി.എ. (എ.ആർ., മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), ബി.കോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. ഹിസ്റ്ററി, ബി.എ. സോഷ്യോളജി എന്നീ കോഴ്‌സുകളാണ് നാലുവർഷ ഓണേഴ്‌സ് ഘടനയിലേക്ക് മാറിയിട്ടുള്ളത്.നാലുവർഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്‌ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷനും നൽകും.
ബി.എ. നാനോ ഓൺട്രപ്രനേർഷിപ്പ്, ബി.സി.എ., ബി.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. അഫ്‌സൽ ഉൽ ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഫിലോസഫി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. സൈക്കോളജി എന്നിവയാണ് മൂന്നു വർഷത്തെ ഘടനയിലുള്ള കോഴ്‌സുകൾ. അടുത്ത വർഷം മുതൽ എല്ലാ യു.ജി.പ്രോഗ്രാമുകളും നാലുവർഷ ഘടനയിലേക്ക് മാറുമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
എം.കോം, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഹിസ്റ്ററി, എം.എ. സോഷ്യോളജി, എം.എ. ഇക്കണോമിക്സ്, എം.എ. ഫിലോസോഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നിവയാണ് പി.ജി.കോഴ്‌സുകൾ.ജൂൺ 15 മുതൽ ഓൺലൈൻ ആയി www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.