ശ്രീനഗർ : റിയാസിയിൽ ഭീകരരുടെ വെടിയേറ്റ് വീണിട്ടും ധൈര്യം കൈവിടാതെ ഡ്രൈവ് ചെയ്ത ഡ്രൈവർ വിജയകുമാറിന് നാടിന്റെ അന്ത്യജ്ഞലി.
40 കാരനായ വിജയ് കുമാർ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി 53 യാത്രക്കാരുമായാണ് യാത്ര പുറപ്പെട്ടത്. ബസ് റിയാസി ജില്ലയിലെ പൗനി മേഖലയ്‌ക്ക് സമീപം എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.
ലഷ്‌കറെ ത്വയ്ബ സംഘത്തിൽപ്പെട്ടവരെന്ന് കരുതുന്ന ഭീകരർ വാഹനത്തിനുനേരെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. വിജയ് കുമാറിനാണ് ആദ്യം വെടിയേറ്റത്. എന്നിട്ടും, ധൈര്യത്തോടെ, വിജയകുമാർ ബസ് മുന്നോട്ടു ഓടിക്കുകയായിരുന്നു. തീവ്രവാദികളെ ബസിനുള്ളിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തു.
‘ ഏകദേശം ആറ് വർഷമായി അവൻ എന്നോടൊപ്പം ജോലി ചെയ്യുകയായിരുന്നു, തീവ്രവാദികൾ അതിലെ എല്ലാ യാത്രക്കാരെയും കൊല്ലുന്നത് തടയാൻ റോഡിൽ വാഹനം നിർത്തുന്നതിന് പകരം ബോധപൂർവം ബസ് മലയിടുക്കിലേയ്‌ക്ക് ഇറക്കുകയിരുന്നുവെന്നാണ് എന്റെ നിഗമനം.
ഡ്രൈവറോട് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടാൻ പറഞ്ഞുവെന്ന് യാത്രക്കാർ ഞങ്ങളോട് പറഞ്ഞു. ഇയാൾ തീവ്രവാദിയാണെന്ന് ഡ്രൈവർക്ക് മനസ്സിലായി. യാത്രക്കാരെ ഇറക്കാൻ സമ്മതിക്കാതെ വിജയകുമാർ ബസിന്റെ വേഗത കൂട്ടി.- ബസ് ഉടമ സുജൻ സിംഗ് പറഞ്ഞു. 40 ജീവനുകളാണ് വിജയകുമാറിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത്.
എന്നാൽ രണ്ടു കുഞ്ഞു മക്കളാണ് വിജയകുമാറിന്റെ മരണത്തോടെ അനാഥരായത്.