ഛത്രപതി സംഭാജിനഗർ: മഹാരാഷ്‌ട്രയിലെ നന്ദേഡ് ജില്ലയിലെ ഹൊട്ടൽ ഗ്രാമത്തിൽ നടന്നു വന്ന പര്യവേഷണ പ്രവർത്തനത്തിനിടെ ഒരു പുരാതന ശിവക്ഷേത്രത്തിന്റെ അടിത്തറ കണ്ടെത്തി. എഡി 1070-ൽ നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്ന് അനുമാനിക്കുന്നു.ഈ ക്ഷേത്രം നിർമ്മിക്കാൻ സഹായിച്ചവരുടെ സംഭാവനകളെ പരാമർശിക്കുന്ന മൂന്ന് ശിലാ ലിഖിതങ്ങൾ കൂടി ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
ചാലൂക്യകാലഘട്ടത്തിലെ ക്ഷേത്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഹൊട്ടൽ. ഒരുകാലത്ത് കല്യാണി ചാലൂക്യരുടെ തലസ്ഥാനമായിരുന്ന ഈ പ്രദേശത്തെ സങ്കീർണ്ണമായ ശിൽപങ്ങളാൽ അലങ്കരിക്കപ്പെട്ട ഹൊട്ടൽ സിദ്ധേശ്വര ക്ഷേത്ര സമുച്ചയം പേരുകേട്ടതാണ്.
ഹൊട്ടൽ സിദ്ധേശ്വര ക്ഷേത്ര സമുച്ചയം
ഇവിടുത്തെ ചരിത്രപ്രസിദ്ധമായ ചില ക്ഷേത്രങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി, പുനരുദ്ധാരണത്തിലിരിക്കുന്ന ഒരു ക്ഷേത്രത്തിന് സമീപമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിലാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം മറ്റൊരു ക്ഷേത്രത്തിന്റെ അടിത്തറ കണ്ടെത്തിയത്.നിർമ്മിതിയുണ്ടെന്നു മനസ്സിലാക്കി നാല് കിടങ്ങുകൾ കുഴിച്ചപ്പോൾ , ഒരു ശിവലിംഗത്തോടുകൂടിയ ഒരു ശിവക്ഷേത്രത്തിന്റെ അടിത്തറ കാണുകയായിരുന്നു. വളരെയധികം എണ്ണം ഇഷ്ടികകൾ കൂടി കണ്ടെത്തിയതോടെ , ഇവിടെ ക്ഷേത്ര നിർമ്മാണത്തിൽ ഇഷ്ടികകൾ ഉപയോഗിച്ചിരുന്നുവെന്ന് സൂചനയും ലഭിച്ചു.