നേപ്പാ ളിനെതിരെയുള്ള മത്സരം മഴ കുളമാക്കിയതോടെ ശ്രീലങ്ക ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുവരും ഓരോ പോയിൻ്റ് വീതം പങ്കുവച്ചു. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്ക് ആൻഡ് ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഗ്രൂപ്പ് ഡിയിലെ ടേബിൾ ടോപ്പർമാരായ ദക്ഷിണാഫ്രിക്ക സുപ്പർ 8 ഉറപ്പിച്ച ആദ്യ ടീമാണ്. ലങ്കയ്‌ക്ക് ഇനി അവശേഷിക്കുന്നത് വിദൂര സാദ്ധ്യതകൾ മാത്രമാണ്. നാളെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന നെതർലൻഡ് ബംഗ്ലാദേശ് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കപ്പെടുകയും 16ന് നടക്കുന്ന മത്സരത്തിൽ നെതർലൻഡിനെ തോൽപ്പിക്കുകയും വേണം.
കൂടാതെ ദക്ഷിണാഫ്രിക്ക നേപ്പാളിനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും പിന്നീട് നേപ്പാൾ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ലങ്ക അത്ഭുതകരമായി സൂപ്പർ 8ലെത്തും.നേപ്പാൾ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വലിയ വിജയം നേടുകയും നെതർലൻഡ് രണ്ടു മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ സൂപ്പർ എട്ടിന് സാദ്ധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് നേപ്പാളിന്റെ എതിരാളികൾ.