തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ രംഗത്തെത്തി . രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പുരിലുണ്ടായത് എന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
“മണിപ്പൂരിലേത് ഗോത്രവർങ്ങൾ തമ്മിലുള്ള സംഘര്ഷമെന്നു മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്”, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവപറഞ്ഞു.
മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷമാണ്. കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്‌ക്ക് മുഴുവൻ അഭിമാനമാണ്, ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഓർത്തഡോക്സ് സഭയ്‌ക്ക് പുറമെ യാക്കോബായ സഭയും ഇതേ വിഷയത്തിൽ സമാനമായ ചിന്താഗതി പങ്കു വെച്ചു. മണിപ്പൂരിൽ സംഭവിച്ചത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പ്രസ്താവിച്ചു. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിൽ ഉണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽനിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.