തമിഴിൽ ഏറെ നാളുകൾക്ക് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗരുഡൻ. മെയ് 31-ന് തിയേറ്ററിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി കുതിക്കുകയാണ് ചിത്രം. ഗരുഡന്റെ ആദ്യ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഗാനം പങ്കുവച്ചത്. ‘കൊമ്പ് വച്ച’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കറും ആന്റണി ദാസനും ചേർന്നാണ് ഗാനം ആലപിച്ചത്.
വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാസ് ലുക്കും ഡയലോഗ് ഡെലിവറിയും ഗംഭീരമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ദുരൈ സെന്തിൽ കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും മികച്ച കളക്ഷൻ ലഭിച്ചത്. വർഷങ്ങൾക്ക് ശേഷമുള്ള ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രത്തെ തമിഴകം ഏറ്റെടുത്തിരിക്കുകയാണ്.