കണ്ണൂർ: സിപിഎമ്മിന്റെ മുഖമായ പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് എം. വി ജയരാജൻ.ഇടതു പക്ഷത്തിൻറേതെന്ന് കരുതുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകളെ വിലയ്ക്ക് വാങ്ങുകയാണ്. ഇത് പുതിയ കാലത്തിന്റെ വെല്ലുവിളിയാണ്. അഡ്മിനുകളെ വിലയ്ക്ക് വാങ്ങിയശേഷം ഇടതുപക്ഷത്തിനെതിരെ പോസ്റ്റുകളിടുന്നു. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളെ പരാമർശിച്ചായിരുന്നു ജയരാജന്റെ പ്രസംഗം.
‘‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’’– ജയരാജൻ പറഞ്ഞു.
മുൻപ് രാഷ്ട്രീയ എതിരാളികളെ ഉന്മുലനം ചെയ്യാനാണ് സിപിഎം പോരാളി ഷാജി പോലെയുള്ള അക്കൗണ്ടുകൾ ഉപയോഗപ്പടുത്തിയിരുന്നത്. എന്തെങ്കിലും വിഷയമുണ്ടാകുമ്പോൾ ന്യായീകരണ ക്യാപ്സൂൾ വിതരണം ചെയ്യാനുള്ള പ്രധാന ഇടമായാണ് ഇതിനെ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പാർട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന പല വിമർശനങ്ങളും പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പേജിനെ വിലയ്ക്കെടുത്ത് കൊണ്ട് ചിലർ നടത്തുന്ന പ്രചാരണ വേലകളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജയരാജന്റെ പരാമർശമെന്ന് വിലയിരുത്തൽ.
ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങളിലടക്കം വലിയ തിരിച്ചടിയാണ് സിപിഎം നേരിട്ടിരുന്നത്. സിപിഎം നേതൃത്വത്തിനെതിരെ വിമർശനം വ്യപകമായ പശ്ചാത്തലത്തിലാണ് സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾക്കെതിരെ ജയരാജൻ തിരിഞ്ഞത്.