ഗുഹാവത്തി: ശൈശവ വിവാഹങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്ക് സ്റ്റൈപ്പൻ്റ് പ്രഖ്യാപിച്ച് അസം സർക്കാർ. 11-ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥിനികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കാണ് ധനസഹായം. ‘മുഖ്യമന്ത്രി നിജുത് മൊയ്‌ന’ എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാർത്ഥിനിക്കും പരമാവധി 2500 രൂപ വരെ ലഭിക്കും.
10 ലക്ഷത്തോളം പെൺകുട്ടികൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഹേമന്ത്ബിശ്വ ശർമ്മ പറഞ്ഞു. 11, 12 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് എല്ലാ മാസവും 1,000 രൂപയും ഡിഗ്രി വിദ്യാർത്ഥികൾക്ക് 1,250 രൂപയും പിജിക്കാർക്ക് 2,500 രൂപയും നൽകും. അഞ്ച് വർഷത്തേക്ക് 1,500 കോടി രൂപയാണ് ഇതിനായി സംസ്ഥാനം മാറ്റിവെക്കുന്നത്. പെൺകുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പ്രകാരം എല്ലാ മാസവും 11-ാം തീയതി പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുകയെത്തും. പിജി ക്ലാസുകൾക്ക് മുമ്പ് വിവാഹിതരാവുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കില്ല. പിജി ക്ലാസുകളിലെ വിവാഹിതർക്കും ധനസഹായത്തിന് അർഹതയുണ്ടാവും.
പെൺകുട്ടികൾ ചെറുപ്പത്തിൽ വിവാഹിതരാകുന്നത് തടയുക, ഉന്നത വിദ്യാഭ്യസം നേടി സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവ മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം. ധനസഹായം ലഭിക്കുന്നതോടെ രക്ഷിതാക്കൾ ഉന്നത പഠനത്തിന് പെൺകുട്ടികളെ കൂടുതലായി അയക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും മക്കളേയും സ്വകാര്യ കോളേജുകളിൽ പഠിക്കുന്നവരേയും പദ്ധതിയിൽ നിന്ന് ഒഴിവാക്കും. മറ്റുള്ളവരുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ സ്റ്റൈപ്പന്റ് നൽകും. ജൂൺ, ജൂലൈ മാസങ്ങളിലെ വേനൽ അവധിക്കാലത്ത് പണം ലഭിക്കില്ല. ഒരു വർഷത്തിൽ 10 തവണയായാണ് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.