ശ്രീനഗർ: ഇന്ത്യയുമായി സമാധാനപരമായ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അവർക്കായി വാതിൽ തുറന്നിടണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. റിയാസി ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അദ്ദേഹത്തിന്റെ പരാമർശം.
അയൽരാജ്യവുമായി പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ സൈനിക നടപടികളിലൂടെ ഇത് പരിഹരിക്കാമെന്ന് കരുതരുത്. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ. ഭീകരർ അതിർത്തി കടന്നെത്തുന്നു. അവർ നാളെയും ഇത് തുടരും.
ഏത് സർക്കാർ വന്നാലും അതിനെ നേരിടേണ്ടി വരും. ഈ അവസ്ഥയിൽ നിന്ന് നമുക്ക് പുറത്തു വരേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
അമർനാഥ് യാത്ര നടക്കാനിരിക്കുകയാണ്. ഇവിടെ നടക്കുന്ന ചെറിയൊരു സംഭവവും പോലും രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കും. എന്നാൽ ഇതിനൊന്നും കശ്മീരികൾ ഉത്തരവാദികളല്ലെന്നും അബ്ദുള്ള പറഞ്ഞു. കശ്മീരിന്റെ നന്മയ്‌ക്ക് വേണ്ടി നിർമ്മിച്ച സാർക്കിനെ (SAARC) പുരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റിയാസിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ പരാമർശം. ശിവഘോരി ഗുഹാക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈസഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തിരിച്ച തീർത്ഥാടക ബസിന് നേരെയായിരുന്നു ആക്രമണം. ഭീകരർ വെടിയുതിർത്തതോടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒൻപത് പേരുടെ ജീവനാണ് ഭീകരർ എടുത്തത്. 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-ത്വയ്ബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണം നടത്തിയ ഭീകരന്റെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപ പരിതോഷികവും പ്രഖ്യാപിച്ചു.