തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ 8ലേക്ക് യോഗ്യത നേടുന്ന മൂന്നാം ടീമായി ഇന്ത്യ. അമേരിക്കയുയർത്തിയ 110 റൺസ് വിജയലക്ഷ്യം ഇന്ത്യ 10 പന്ത് ബാക്കി നിൽക്കെ മറികടന്നു. സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്.
മറുപടി ബാറ്റിംഗിൽ 39 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും, സൂര്യകുമാർ യാദവ് (50), ശിവം ദുബെ (31) എന്നിവരുടെ ബാറ്റിംഗ് ഇന്ത്യയെ തുണയ്‌ക്കുകയായിരുന്നു. മുൻനിര ബാറ്റർമാരായ വിരാട് കോലി(0), ക്യാപ്റ്റൻ രോഹിത് ശർമ്മ(3) എന്നിവർ നിരാശപ്പെടുത്തി.
18 റൺസെടുത്ത ഋഷഭ് പന്തിന് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ചെറിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെ ബാറ്റു വീശിയ സൂര്യകുമാറിന്റേയും ശിവം ദുബെയുടെയും തന്ത്രം ഫലം കണ്ടു. ഇരുവരും പ്രതിരോധിച്ച് കളിച്ചതോടെ അമേരിക്കൻ ബൗളർമാർ വിയർത്തു. 72 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇവർ ഉയർത്തിയത്.
കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി തിളങ്ങിയ അർഷ്ദീപ് സിംഗാണ് ആതിഥേയരെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. സ്റ്റീവൻ ടെയ്‌ലറുടെയും (24) നീതീഷ് കുമാറിന്റെയും (27) പ്രകടനമാണ് അമേരിക്കയെ നൂറുകടക്കാൻ സഹായിച്ചത്.