ടി20 ലോകകപ്പിൽ അമേരിക്കെതിരെ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. അമേരിക്കയുടെ മുൻനിരയെ വീഴ്‌ത്തി തുടങ്ങിയ അർഷ്ദീപ് സിംഗാണ് ആതിഥേയരെ 110 റൺസിൽ ഒതുക്കിയത്. നാല് ഓവറിൽ ഒമ്പത് റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. നിതീഷ് കുമാറാണ്(27) യുഎസിന്റെ ടോപ് സ്‌കോറർ.
വേഗം കുറഞ്ഞ നാസ്സോ കൗണ്ടിയിലെ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്‌ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യ ഓവറിൽ ആതിഥേയർക്ക് ഷയാൻ ജഹാംഗീർ (0) , ആൻഡ്രിസ് ഗോസിനെയും നഷ്ടമായി. അർഷ്ദീപിനായിരുന്നു വിക്കറ്റ്. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 18 എന്ന നിലയിലായിരുന്നു അമേരിക്ക. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്‌ത്തിയ ഇന്ത്യ അമേരിക്കയെ 110 റൺസിൽ ഒതുക്കി. ആരോൺ ജോൺസൺ(11), സ്റ്റീവൻ ടെയ്ലർ(24), കോറി ആൻഡേഴ്സൺ (14), ഹർമീത് സിംഗ്(10), ഷാഡ്ലി വാൻ ഷാക്വിക് (11), നിതീഷ് കുമാർ(27) എന്നിവർക്ക് മാത്രമാണ് യുഎസ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.
അർഷ്ദീപ് സിംഗ് നാല് വിക്കറ്റും ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്‌ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി.