എന്നും വ്യത്യസ്തത തേടി പോകുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾ ആഘോഷിക്കാറുണ്ട്. രൂപത്തിലും ഭാവത്തിലും മമ്മൂട്ടി ഞെട്ടിച്ച സിനിമയായിരുന്നു വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസം. മമ്മൂട്ടി എന്ന നടനെ ഈ ചിത്രത്തിലെ കഥാപാത്രം വച്ച് പ്രശംസിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രൂപം ട്രോളുകളിലും നിറയാറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയെ വച്ച് സൂര്യമാനസം എന്ന പരീക്ഷണ ചിത്രം ചെയ്തതിനെപ്പറ്റി മനസ് തുറക്കുകയാണ് വിജി തമ്പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ രൂപത്തെ പറ്റി സംവിധായകൻ പറയുന്നത്.
“മമ്മൂട്ടിയുടെ സ്ഥിരം ക്യാരക്ടർ വെച്ചുകൊണ്ട് ഒന്ന് രണ്ട് കഥകൾ ഞാൻ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്തെങ്കിലും വ്യത്യസ്തമായി ആലോചിക്കാൻ മമ്മൂട്ടി പറഞ്ഞു. അങ്ങനെ ഇരുന്ന സമയത്താണ് ഒരു കഥ വരുന്നത്. ഒരു അമ്മയുടെയു മകന്റെയും അതിജീവനം. ആ കഥ ചെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ഒരു മേക്കപ്പ് ചേഞ്ചോടുകൂടി അങ്ങനെ ഒരു കഥാപാത്രം മമ്മൂട്ടി ചെയ്യുന്നത് ആദ്യമാണ്. അതിനുശേഷം പൊന്തൻമാട അടക്കം പല സിനിമകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാർത്ഥ സൗണ്ട് ഒക്കെ മാറ്റിവച്ച് മറ്റൊരു ശബ്ദത്തിൽ ഡബ്ബ് ചെയ്തു”.
“വളരെ ബുദ്ധിമുട്ടിയാണ് ആ സിനിമയ്‌ക്ക് വേണ്ടി മമ്മൂട്ടി ഡബ്ബ് ചെയ്തത്. ആ സിനിമ ഇറങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയ ഒന്നുമില്ല. ഒരു സിനിമ മാസികയിൽ അദ്ദേഹത്തിന്റെ ഗെറ്റപ്പ് പങ്കുവെച്ചുകൊണ്ട് ഇത് ആരാണെന്ന് പറയാമോ എന്ന് ചോദിച്ചു കൊണ്ട് പരസ്യം പങ്കുവെച്ചു. ഗംഭീരമായി ആ കഥാപാത്രം മമ്മൂട്ടി ചെയ്തു. മലയാളത്തിൽ ഇത്രയധികം വ്യത്യസ്തമായ വേഷങ്ങൾ ചെയ്തിട്ടുള്ളത് മമ്മൂട്ടി മാത്രമായിരിക്കും. നസീർ സാറിനെ പോലെയാണ്, ഏതു വേഷവും ഇണങ്ങും”.
“വയലിലെ പണിക്കാരൻ ആയിട്ടും പോലീസുകാരൻ ആയിട്ടും വടക്കൻ പാട്ടിലെ ചേകവൻ ആയിട്ടും മമ്മൂട്ടിക്ക് മാറാൻ കഴിയും. അന്നും ഇന്നും പുതിയതരം വേഷങ്ങൾ ചെയ്യാൻ താല്പര്യം ഉള്ള വ്യക്തിയാണ് മമ്മൂട്ടി. സൂര്യമാനസത്തിലെ ചിത്രങ്ങൾ വച്ചുള്ള ട്രോളുകളൊന്നും അങ്ങനെ കാണാറില്ല”- വിജിതമ്പി പറഞ്ഞു.