ജഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിക്കുന്നതിന്റെ തലേ ദിവസത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ എം. പദ്മകുമാർ. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നെന്നും പിറ്റേ ദിവസം ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടതെന്നുമാണ് സംവിധായകൻ പറയുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്ത ‘തിരുവമ്പാടി തമ്പാൻ’ എന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയ്‌ക്കാണ് നടൻ ജഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിച്ചത്.
‘തീർത്തും ഞെട്ടിക്കുന്ന അപകടവാർത്തയായിരുന്നു അത്. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അത് കഴിഞ്ഞ് പോകുമ്പോൾ നെടുമുടി വേണു ചേട്ടൻ പറഞ്ഞു അമ്പിളി നീ ഇപ്പോൾ പോകേണ്ട, രാവിലെ പോകാമെന്ന്. നമ്മൾ എത്ര സൂക്ഷിച്ചാലും വേറെ ആരെങ്കിലും അശ്രദ്ധമായാൽ പോരെ എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഞങ്ങൾ എഴുന്നേറ്റത് ആ ദു:ഖ വാർത്ത കേട്ടാണ്. അന്ന് പോലും ഇത്രത്തോളം പോകുമെന്ന് ആരും കരുതിയില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാഗങ്ങൾ മറ്റൊരാളെവെച്ചാണ് ഡബ്ബ് ചെയ്തത്. അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതും ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്.’- എം. പദ്മകുമാർ പറഞ്ഞു.