ന്യൂഡൽഹി : ചെങ്കോട്ട ആക്രമണക്കേസ് പ്രതിയായ ലക്ഷർ-ഇ-ത്വായ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ ദയാഹർജി തള്ളി രാഷ്ട്രപതി ദ്രൗപദി മുർമു. 2022 ജൂലൈ 25-ന് രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ദ്രൗപദി മുർമു നിരസിക്കുന്ന രണ്ടാമത്തെ ദയാഹർജിയാണിത്.
2000 ഡിസംബർ 22ന് രാത്രി 9 മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ചരിത്രസ്മാരകമായ ചെങ്കോട്ടയിൽ കടന്നുകയറിയ ലക്ഷർ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 2 സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന് നാലു ദിവസത്തിനു ശേഷം ലഷ്കർ ഭീകരനായ പാകിസ്താൻ പൗരനായ ആരിഫിനെ ഡൽഹി പൊലീസ് പിടികൂടി. 2005 ഒക്ടോബറിൽ ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. തുടർന്നുള്ള അപ്പീലുകളിൽ ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു.