അമരാവതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഉപമുഖ്യമന്ത്രിയായി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചന്ദ്രബാബു നായിഡുവിനോടൊപ്പം 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് വനിതകൾ ഉൾപ്പെടെ 17 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. നാലാം തവണയാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. 1995ലാണ് ചന്ദ്രബാബു നായിഡു ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2004 വരെ സ്ഥാനത്ത് തുടർന്നു. 2024ലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ് ഉൾപ്പെടെയുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. രജനികാന്ത്, ചിരഞ്ജീവി, റാം ചരൺ തുടങ്ങിയ താരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 175 സീറ്റുകളിൽ 164ലും വിജയം നേടിയാണ് എൻഡിഎ സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25ൽ 21 സീറ്റിലും എൻഡിഎ സഖ്യം മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.