ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’- സുരേഷ് ഗോപി പറഞ്ഞു.
പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. പഠിച്ച് മന്നൻ ആകണം എന്നു കരുതുന്നു .കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ട് .എയിംസ് കോഴിക്കോട്ടു വേണമെന്ന് പറയാൻ നേതാക്കൾക്ക് അവകാശമുണ്ട്. തനിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു പറയേണ്ടയിടത്തു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.