താൻ അടുത്തില്ലെങ്കിൽ ശരിയായി ഭക്ഷണം കഴിക്കില്ലെന്ന ചിന്തയിൽ ഭർത്താവിന് ഒരുമാസത്തേക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് നൽകി ഭാര്യ. ജപ്പാനിലാണ് സംഭവം. ഒൻപത് മാസം ഗർഭിണിയായ യുവതി പ്രസവ ശുശ്രൂഷകൾക്കായി ഒരു മാസം വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരുമെന്നത് മുന്നിൽ കണ്ടാണ് ഒരുമാസത്തെ ഭക്ഷണം ഭർത്താവിന് പാകം ചെയ്ത് നൽകിയത്.
സ്നേഹമതിയായ ഭാര്യയുടെ പ്രവർത്തിയിൽ ആളുകൾ കയ്യടിക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഗർഭിണിയായ ഭാര്യയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ഭർത്താവിനെയാണ് സോഷ്യൽ മീഡിയ പഴിക്കുന്നത്. സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിക്കാൻ പോലും കഴിവില്ലാത്ത ഭർത്താവെന്ന് വിമർശിച്ചാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചകൾ.
കല്യാണത്തിന് മുൻപ് ഇവരുടെ ഭർത്താവ് ഭക്ഷണം കഴിച്ചിരുന്നില്ലേ എന്നാണ് ചിലരുടെ ചോദ്യം. ഭാര്യ ഗർഭിണിയായിട്ടും ഭക്ഷണം ഉണ്ടാക്കുന്നു. അവർ ഭർത്താവിന്റെ ജോലിക്കാരിയാണോ എന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. ചുരുക്കം ചിലരെങ്കിലും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ച് വഷളാക്കുന്ന ഭാര്യയുടെ പ്രവർത്തിയെയും ചോദ്യം ചെയ്യുന്നുണ്ട്.