ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരർ എത്തിയത് വെള്ളം ചോദിച്ചെന്ന് ജമ്മു സോൺ എഡിജിപി ആനന്ദ് ജെയിൻ. ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഭീകരർ എത്തിയത്. വീടുവീടാന്തരം കയറിയിറങ്ങുന്ന രണ്ട് അപരിചിതരെ കണ്ട് സംശയം തോന്നിയ ഗ്രാമീണരാണ് പൊലീസിനെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് ഇവിടേക്കെത്തിയ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഭീകരരിൽ ഒരാൾ സേനയ്‌ക്ക് നേരെ ഗ്രനേഡ് എറിയാൻ ശ്രമിച്ചെങ്കിലും തൽക്ഷണം കൊല്ലപ്പെട്ടു. ഭീകരർ നടത്തിയ വെടിവെപ്പിൽ പ്രദേശവാസിക്ക് പരിക്കേറ്റിരുന്നു.
പിന്നാലെ രണ്ടാമാനായുള്ള തെരച്ചിൽ സേന ശക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ കത്വയിലെ സൈദ ഗ്രാമത്തിന് സമീപം ഒളിച്ചിരുന്ന രണ്ടാമത്തെ ഭീകരനെയും സുരക്ഷ സേന വകവരുത്തി. ഇതിനിടയിൽ ഇന്ന് പുലർച്ചെ 3 മണിയോടെ നടന്ന വെടിവെപ്പിൽ ഒരു സിആർപിഎഫ് ജവാന് ജീവൻ നഷ്ടമായിരുന്നു.