തഞ്ചാവൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 26 അജ്ഞാത മൃതദേഹങ്ങൾ ഒറ്റതവണയായി സംസ്‌കരിച്ചു. തഞ്ചാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേശാകരം എന്ന എൻജിഒ ആണ് ഈ സംസ്കാര ചടങ്ങുകൾക്ക് മുൻ കൈ എടുത്തത്.
തഞ്ചാവൂർ പ്രദേശത്തുടനീളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും ആശുപത്രികളിൽ മരണപ്പെട്ടതുമായ മൃതദേഹങ്ങൾ മരിച്ചയാളുകളുടെ ബന്ധുക്കൾക്ക് വിട്ടുനൽകാനായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച് വരികയായിരുന്നു.
എന്നാൽ ഏറെ നാളുകളായി സൂക്ഷിച്ച 26 മൃതദേഹങ്ങൾക്ക് അവകാശവാദമുന്നയിച്ച് ആരും എത്തിച്ചേർന്നിരുന്നില്ല. ഒടുവിൽ തഞ്ചാവൂർ പോലീസ് ഇതിനായി തഞ്ചാവൂരിൽ പ്രവർത്തിക്കുന്ന നേശാകരമെന്ന എൻ ജി ഓ യെ സമീപിച്ചു. തഞ്ചാവൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ അവർ തേടി.
കോർപ്പറേഷന്റെ അനുവാദത്തോടെ രാജഗോരി ശ്മശാനത്തിൽ ഇവ അടക്കം ചെയ്യുകയായിരുന്നു. തഞ്ചാവൂർ ജില്ലാ പോലീസ്, തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി, തഞ്ചാവൂർ മുനിസിപ്പൽ കോർപ്പറേഷൻ, നേശാകരം എന്ന സന്നദ്ധ സംഘടന എന്നിവർ ചേർന്ന് സംസ്‌കാരം പൂർത്തിയാക്കി. സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും അവർ പൂർത്തിയാക്കി.
ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഒരു സാമൂഹിക കടമയാണെന്നുമുള്ള ലക്ഷ്യത്തോടെ, 2020-ൽ കൊറോണ ആരംഭിച്ചത് മുതൽ അത്തരം പ്രവർത്തനങ്ങൾ നേശാകരം സംഘടന തുടർച്ചയായി ചെയ്തുവരുന്നു. ഇതുവരെ 350 ലധികം മൃതദേഹങ്ങൾ സംസ്‌കരിച്ചു.
എൻ ജി ഒ അംഗങ്ങൾ മൃതദേഹങ്ങൾക്ക് പുഷ്പാർച്ചനയും നടത്തി. ഈ ചുമതല ഏൽപ്പിച്ച മെഡിക്കൽ കോളേജ്, പോലീസ്, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരോടും എൻജിഒ നന്ദി അറിയിച്ചു.