ഭുവനേശ്വർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്‌ച്ചപ്പാടുകൾ ഉൾക്കൊണ്ടു കൊണ്ട് അതിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഒഡിഷയിലെ നിയുക്ത മുഖ്യമന്ത്രി മോഹൻ ചരൺ മാജി. ഒഡിഷയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും, അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
” കഴിഞ്ഞ 25 വർഷമായി സംസ്ഥാനത്ത് ഒരു പോരാട്ടം നടക്കുകയാണ്. ഇപ്പോൾ ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ എത്തിയിരിക്കുകയാണ്. അതിന് ഭഗവാൻ ജഗന്നാഥനോടും ഒഡിഷയിലെ ജനങ്ങളോടും നന്ദി അറിയിക്കുകയാണ്. എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം പൂർണ അർപ്പണബോധത്തോടെ തന്നെ നടപ്പാക്കും. ഒഡിഷയെ വികസനത്തിലേക്ക് നയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്‌ച്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കും. വരുന്ന അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലൂടെ തന്നെ മുന്നോട്ട് നയിക്കും. ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ പ്രവർത്തിക്കും.
ഞാൻ വളരെ സാധാരണ കുടുംബത്തിൽ നിന്ന് എത്തിയ ആളാണ്. ബിജെപി അർഹരായവർക്ക് അർഹമായ സമയത്ത് സ്ഥാനം നൽകുന്നു. സുഭദ്ര യോജന, പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാല് ഗേറ്റുകൾ തുറക്കുന്നത്, കർഷകർക്ക് എംഎസ്പി ഉയർത്തുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകും. ജനങ്ങളുടെ പ്രശ്‌നങ്ങൾ കൃത്യമായി പരിശോധിച്ച് അവയ്‌ക്ക് പരിഹാരം കണ്ടെത്തും. ജനങ്ങൾക്കായി നൽകിയ ഓരോ വാഗ്ദാനങ്ങളും പൂർത്തിയാക്കും. കാരണം ഇപ്പോൾ ഡബിൾ എഞ്ചിൻ സർക്കാരാണ് അധികാരത്തിലുള്ളത്. വികസിത് ഭാരതമെന്ന ലക്ഷ്യം പൂർത്തിയാക്കാനായി ഒഡിഷയുടെ സംഭാവനകളും ഉണ്ടാകും. വനവാസി മേഖലയുടെ ഉന്നമനവും പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ട് തന്നെ, ആവശ്യമായത് എല്ലാം നൽകുന്നതിനായി പ്രവർത്തിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും” മാജി പറഞ്ഞു.
നവീൻ പട്‌നായിക്കിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയത്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. കെ വി സിംഗ് ദിയോ, പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ചടങ്ങിൽ പങ്കെടുക്കാൻ ഉച്ചയ്‌ക്ക് 2.30ഓടെ പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തും. വൈകിട്ട് 5.00 മണിക്കാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ചേർന്ന ബിജെപി നേതൃയോഗത്തിലാണ് മാജിയെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.