ന്യൂഡൽഹി: മൂന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായി ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും ലി ക്വിയാങ് വ്യക്തമാക്കി.
” ഇന്ത്യ-ചൈന ബന്ധം രണ്ട് രാജ്യങ്ങളിലേയും ക്ഷേമം എന്ന അർത്ഥത്തിൽ മാത്രമുള്ളതല്ല. ഇരുരാജ്യങ്ങൾക്കുമപ്പുറം ലോകത്തിനൊന്നാകെ പോസിറ്റീവ് എനർജി നൽകുന്ന ഘടകമാണത്. മേഖലയുടെ സുസ്ഥിരമായ വികസനം ഇത് വഴി സാധ്യമാകും. അതിനാൽ ഉഭയകക്ഷി ബന്ധം നന്നായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും” ലി പറയുന്നു.
മൂന്നാം വട്ടം അധികാരത്തിലെത്തിയതിന് പിന്നാലെ ലോകരാജ്യങ്ങൾ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. പരസ്പര ബഹുമാനവും താത്പര്യങ്ങളും മുൻനിർത്തി ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കാൻ ഇന്ത്യ ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സന്ദേശത്തിന് മറുപടി നൽകിയിരുന്നു.