കണ്ണൂർ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ കെ നായനാരുടെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കണ്ണൂർ കല്യാശ്ശേരിയിലെ വീട്ടിലെത്തിയ അദ്ദേഹത്തെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ അനുഗ്രഹിച്ച് മധുരം നൽകി. ഒപ്പം നായനാരുടെ ആത്മകഥയും ശാരദ ടീച്ചർ കൈമാറി. ഉച്ചഭക്ഷണം കഴിച്ചാണ് അദ്ദേഹം വീട്ടിൽ നിന്ന് മടങ്ങിയത്. നിരവധി ആളുകളാണ് കേന്ദ്രമന്ത്രിയെ കാണാൻ നായനാരുടെ വസതിയിൽ തടിച്ചുകൂടിയത്.
വർഷങ്ങളായി സുരേഷിന് കുടുംബവുമായി ബന്ധമുണ്ടെന്നും തിരക്കുകൾക്കിടയിലും തന്നെ കാണാൻ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ശാരദ ടീച്ചർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.സുരേഷ് മുൻപ് പലപ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. എത്രയോ തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്. രാഷ്‌ട്രീയം വെറെയാണെന്നേ ഉള്ളൂ, ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്, ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂരിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങിൽ ദർശനം നടത്തി ശേഷമാണ് ശാരദ ടീച്ചറെ കാണാൻ എത്തിയത്. തുടർന്ന് അദ്ദേഹം പയ്യാമ്പലത്തെ മാരാർജിയടെ സ്മൃതി മണ്ഡപം സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന സുരേഷ് ഗോപി കണ്ണൂരിലേക്ക് തന്നെ മടങ്ങും. നാളെയും അദ്ദേഹത്തിന് ജില്ലയിൽ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.