തിരുവനന്തപുരം: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടകരമായ വേളയിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
’41 പേരുപടെ ജീവനെടുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിദാരുണമായ വാർത്തയാണ് കുവൈത്തിൽ നിന്നും വരുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഓരോ മനുഷ്യജീവന്റെയും സുരക്ഷിതത്വവും ക്ഷേമവും വിലമതിക്കുന്ന ഒരാളെന്ന നിലയിൽ, കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. ഇതുപോലുള്ള നിമിഷങ്ങളിലാണ് നമ്മൾ ഒരുമിച്ച് നിൽക്കേണ്ടത്. ഈ അവസരങ്ങളിൽ പരസ്പരം സഹായിക്കുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം.’- സുരേഷ് ഗോപി കുറിച്ചു.
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 41 പേരാണ് മരിച്ചത്. ഇതിൽ 21 പേർ ഇന്ത്യക്കാരാണ്. 11 പേർ മലയാളികളാണെന്നുമാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികളാണ് ഇനി ചെയ്യാനുള്ളത്. 46 പേരാണ് ചികിത്സയിലുള്ളത്. രക്ഷാദൗത്യത്തിനിടെ അഞ്ച് അഗ്നിശമന ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് വിവരം.
നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.