എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ഹർജി ഇന്ന് പരിഗണിക്കും. സൗബിൻ, ഷോൺ ആന്റണി എന്നിവർ ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് മഞ്ഞുമ്മൽ ബോയ്സ് ടീമിനെതിരെ പൊലീസ് കേസെടുത്തത്. തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആറിന് സിനിമയുടെ നിർമാതാക്കളുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞിരുന്നു. ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്. ഒത്തുതീർപ്പ് നിർദ്ദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന.
വഞ്ചന കേസിൽ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്സിനായി ഏഴ് കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്നായിരുന്നു പരാതിക്കാരൻ ആരോപിച്ചത്. നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കാണിച്ച് മരട് പൊലീസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.