അശ്ലീല സന്ദേശം അയച്ചെന്ന പേരിൽ യുവാവിനെ അടിച്ചുകാെന്ന് അഴുക്കുച്ചാലിൽ തള്ളിയ കേസിൽ നടൻ ദർശൻ തൂഗുദീപയുടെ കാമുകിയും നടിയുമായ പവിത്ര ഗൗഡയെ കസ്റ്റഡിയിലെടുത്തു. നടൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവർക്കുമൊപ്പം പത്തുപേരും കസ്റ്റഡിയിലാണ്. നടിയെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നടനും നടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും ആസൂത്രണത്തെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്.അതേസമയം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളുമുണ്ട്.
കൊലക്കേസിൽ ആദ്യം നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ പൊലീസിനെ വഴിതെറ്റിക്കാൻ വിവിധ കാരണങ്ങൾ നിരത്തിയെങ്കിലും പിന്നീട് ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദർശനെ കസ്റ്റഡിയിലെടുത്തത്.
രേണുക സ്വാമി എന്ന യുവാവ് പവിത്ര ഗൗഡയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇത് ദർശന്റെ ആരാധകൻ നടനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു സംഘം രേണുക സ്വാമിയെ കടത്തിക്കൊണ്ടുപോയത്. ദർശനന്റെ ഫാം ഹൗസിൽ എത്തിച്ച് യുവാവിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കാെലപ്പെടുത്തുകയായിരുന്നു. കര്‍ണാടകത്തിലെ ചിത്ര ദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ പാലത്തിന് അടിയിലുള്ള അഴുക്കുച്ചാലില്‍ നിന്നും ലഭിച്ചത്.
ആദ്യം ആത്മഹത്യയാണെന്ന് കരുതിയ മരണം പിന്നീട് കാെലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കന്നഡ സിനിമ മേഖലയിൽ സൂപ്പർതാര പദവിയിലുള്ള നടനാണ് ദർശൻ. സിനിമ നിർമാണവും വിതരണവും അടക്കമുള്ള മേഖലകളിലും ദർശൻ സജീവമാണ്.