കൊച്ചി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. നിർമാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുക. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബോക്സോഫീസിൽ 250 കോടി ലാഭമുണ്ടാക്കിയിട്ടും സിനിമയ്‌ക്ക് വേണ്ടി 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് മുതൽമുടക്ക് തുക പോലും നൽകിയില്ലെന്ന പരാതിയിലായിരുന്നു പോലീസ് കേസ്. വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
7 കോടി രൂപ നിക്ഷേപിച്ചാൽ ലാഭവിഹിതത്തിന്റെ 40 ശതമാനം നൽകാമെന്നായിരുന്നു കരാർ. 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാൽ പ്രീ-പ്രൊഡക്ഷൻ ജോലികൾ മാത്രമായിരുന്നു പൂർത്തിയായിരുന്നത്. വിശ്വാസ വഞ്ചനയും, ഗൂഢാലോചനയും നിർമാതാക്കൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.
നിർമാണ കമ്പനിയായ പറവ ഫിലിംസ് സിനിമയ്‌ക്ക് വേണ്ടി പണം മുടക്കിയിട്ടില്ല. മറ്റ് പലരുമാണ് ചിത്രത്തിന്റെ നിർമാണത്തിനായി പണം നൽകിയത്. 18.5 കോടി രൂപയായിരുന്നു നിർമാണചിലവ്. പണം നൽകിയവരുടെ സാമ്പത്തിക സ്രോതസ്, നിർമാതാക്കളുടെ സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.